കാൺപുർ: സ്പിന്നർമാരുടെ കരുത്തിൽ ന്യൂസിലാൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ. ആദ്യ ടെസ്റ്റിൻറെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 345 റൺസ് പിന്തുടർന്ന ന്യൂഡിലാൻഡ് 296 റൺസിന് പുറത്തായി. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഒരു വിക്കറ്റിന് 14 റൺസ് എന്ന നിലയിലാണ്.
ഇന്ത്യക്ക് 63 റൺസിൻറെ ലീഡ്. മൂന്നാംദിനം കളി ആരംഭിക്കുമ്പോൾ ന്യൂസിലാൻഡ് വിക്കറ്റ് നഷ്ടമാകാതെ 129 എന്ന നിലയിലായിരുന്നു. മികച്ച സ്കോറിലേക്ക് കുതിക്കുമെന്ന് കരുതിയ ന്യൂസിലൻഡിനെ അക്ഷർ പട്ടേലിൻറെ നേതൃത്വത്തിലാണ് ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടത്. അക്ഷർ പട്ടേൽ 34 ഓവറിൽ 62 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് നേടിയത്.
കരിയറിലെ നാലാം ടെസ്റ്റിനിടെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത് അഞ്ചാം തവണയാണ്. 95 റൺസെടുത്ത ഓപ്പണർ ടോം ലാതമാണ് ന്യൂസിലൻഡിൻറെ ടോപ് സ്കോർ. വിൽ യങ് 89 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും നേടിയ 151 റൺസിൻറെ കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്സിന് കരുത്തായത്.
ഇരുവർക്കും മാത്രമാണ് ന്യൂസിലാൻസ് നിരയിൽ തിളങ്ങാനയത്. സ്കോർബോർഡിൽ 99 റൺസ് കൂട്ടിചേർക്കുന്നതിനിടെയാണ് ബാക്കിയുള്ള ഒമ്പത് വിക്കറ്റുകൾ നഷ്ടമായത്. 142.3 ഓവറിലാണ് ന്യൂസിലാൻഡ് 296 റൺസെടുത്തത്. രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റും രിവേന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റും കരസ്ഥമാക്കി.
ഇതോടെ ഇന്ത്യക്ക് 49 റൺസിൻറെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ശുബ്മാൻ ഗില്ലിൻറെ വിക്കറ്റ് നഷ്ടമായി.