പാലക്കാട്: അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് പട്ടികക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. ശിശുമരണങ്ങളുട പശ്ചാത്തലത്തിലാണിത്. ചികിത്സ കിട്ടാതെ ഒരു കുട്ടി പോലും മരണപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ ഡിപ്പാർട്ട്മെൻ്റും എന്താണ് ചെയ്യേണ്ടതെന്ന കൃത്യത വരുത്താനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കും. എല്ലാ വകുപ്പുകളും എന്താണ് ചെയ്യേണ്ടതെന്ന് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറക്കണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കും എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ സാഹചര്യം വകുപ്പുകൾ സംയുക്തമായി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും പറഞ്ഞു.
അട്ടപ്പാടിയിൽ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്. വീട്ടിയൂർ ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് മരിച്ചത്. നാല് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ ശിശുമരണമാണ്.
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് വീട്ടിയൂർ ഊരിലെ ഗീതു,സനേഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും ഒടുവിൽ കടുകുമണ്ണ ഊരിലെ ആറുവയസ്സുകാരിയും മരിച്ചു. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രൻ്റെ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവൻ കണ്ടി തുളസിയുടെയും ബാലകൃഷ്ണൻ്റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു.
നവജാത ശിശുമരണം ആവർത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗർഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികൾക്കായുള്ള പദ്ധതി മുടങ്ങിയത്. പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് നൽകിയിരുന്നത്. മൂന്നുമാസമായി തുക നൽകുന്നില്ലെന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസർ പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസികളാശ്രയിക്കുന്ന ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടർ ടി വി അനുപമയ്ക്ക് നിർദേശം നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം 10 നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്.