തിരുവനന്തപുരം:യുവാവിനെ മര്‍ദിച്ച ഗുണ്ടാ നേതാവിന് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച മംഗലാപുരം എസ്.ഐ.ക്ക് സസ്പെന്ഷന്.എസ്.ഐ വി.തുളസീധരന്‍ നായരെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. എസ്.ഐ.ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
കണിയാപുരത്ത് വച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഗുണ്ടാ നേതാവായ കണിയാപുരം മസ്താന് മുക്ക് സ്വദേശി ഫൈസലാണ് അനസെന്ന വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അനസിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്ബോള്‍ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെ മര്‍ദ്ദിച്ചെന്നാണ് അനസിന്റെ പരാതി.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ വന്നതോടെ ഫൈസലിനെതിരെ കേസെടുത്തെങ്കിലും സ്റ്റേഷന് ജാമ്യം നല്‍കിയെന്നാണ് ആരോപണം. പിന്നാലെയാണ് എസ്ഐയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നത്.
കേസെടുക്കാന്‍ വൈകിയതും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതും എസ്.ഐ.യുടെ വീഴ്ചയാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എസ്.ഐക്കെതിരേ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി.യും റൂറല്‍ എസ്.പി.യും മംഗലപുരം സ്റ്റേഷനിലെത്തി അന്വേഷണവും നടത്തി.ഇതിനുപിന്നാലെയാണ് തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുഡിന് എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.