ന്യൂഡൽഹി: മിനിമം താങ്ങുവിലയ്ക്കായുള്ള നിയമം ഉടനുണ്ടാകില്ലെന്ന് സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. താങ്ങുവില ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കായി സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമിതിയിൽ കർഷക സംഘടനകളുടെ പ്രതിനിധികളുമുണ്ടാകുമെന്നും നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച തന്നെ ലോക്സഭയിൽ അവതരിപ്പിക്കും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് ബില്ല് കൊണ്ടുവന്നത്. നരേന്ദ്ര സിങ് തോമർ ബില്ല് സമ്മേളനത്തിൻ്റെ ആദ്യ ദിനം തന്നെ അവതരിപ്പിക്കും. കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് ക്രിമിനൽ കുറ്റമാക്കില്ലെന്നും കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും കൃഷിമന്ത്രി പറഞ്ഞു.