തിരുവനന്തപുരം: ഹെലികോപ്റ്റർ വീണ്ടും വാടകയ്ക്കെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള സാങ്കേതിക ലേല നടപടികൾ ആരംഭിച്ചു. ഡിസംബർ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ദർഘാസ് പരിശോധിക്കും. ഹെലികോപ്റ്റർ മൂന്നുവർഷത്തേക്കാണ് വാടകക്ക് എടുക്കുക. കേരളാ പോലീസ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയാണ്. ഇതിനായി ഓപൺ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ആറം തിയതി ഫിസിക്കൽ ബിഡ് പേരൂർക്കട എഫ്സിബി ഗ്രൗണ്ടിൽ നടക്കും.
നേരത്തെ പവൻ ഹാൻസ് കമ്പനിയിൽ നിന്നാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നത്. വാടകയ്ക്കും, ഹെലികോപ്റ്റർ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയായിരുന്നു. 20 മണിക്കൂർ പറത്താൻ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ കരാർ നൽകിയിരുന്നത്.
ഇതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയാറായിരുന്നുവെങ്കിലും സർക്കാർ പവൻ ഹാൻസ് കമ്പനി തെരഞ്ഞെടുക്കുകയായിരുന്നു. ഈ കരാറിൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.