പാലക്കാട്: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ 19 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുറുശ്ശി കക്കോടാണ് സംഭവമുണ്ടായത്. ധോണി ഉമ്മിണി പുത്തൻവീട്ടിൽ അബ്ദുൾറഹിമാൻ്റെ മകൾ നഫ്ലയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിൻ്റെ ഭാര്യയാണ് നഫ്ല. വ്യാഴാഴ്ചരാത്രി എട്ടരയോടെയാണ് സംഭവം. മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ നഫ്ലയെ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ആരോപണവുമായി സഹോദരൻ രംഗത്തെത്തി.
സംഭവസമയത്ത് മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. മുജീബെത്തി നഫ്ലയെ വിളിച്ചപ്പോൾ മറുപടി കേൾക്കാത്തതിനെത്തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് നോക്കുകയായിരുന്നു. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് മാസം മുൻപാണ് മുജീബും നഫ്ലയും വിവാഹിതരാവുന്നത്. ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണ് മരണം എന്നാണ് സഹോദരൻ നഫ്സൽ ആരോപിക്കുന്നത്. മങ്കര പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ആർഡിഒയുടെയും പോലീസിൻ്റെയും സാന്നിധ്യത്തിൽ തുടർനടപടി സ്വീകരിച്ചു.
നഫ്ലയുടെ സഹോദരൻ നഫ്സൽ മരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചരാവിലെ മങ്കര പോലീസിൽ മൊഴി നൽകി. നഫ്ല വ്യാഴാഴ്ച വൈകീട്ട് നാലിന് സഹോദരി നസീദയെ വിളിച്ചിരുന്നതായി നഫ്സൽ പറഞ്ഞു. നഫ്ലയുടെ മരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഡി വൈ എസ് പിക്ക് പരാതി നൽകുമെന്ന് സഹോദരൻ നഫ്സൽ പറഞ്ഞു. കമർലൈലയാണ് നഫ്ലയുടെ മാതാവ്.