വാഷിങ്ടൺ: ആഗോളവിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്.10 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് ഇടിവ്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 82 ഡോളറിൽ നിന്നും 72ലേക്ക് കൂപ്പുകുത്തി. യുഎസിന്റെ വെസ്റ്റ് ടെക്സാസ് ക്രൂഡിന്റെ വില 68.15 ഡോളറിലേക്ക് ഇടിഞ്ഞു.
2020 ഏപ്രിലിന് ശേഷം ഇത്രയും വലിയ ഇടിവ് എണ്ണവിലയിൽ രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. ഒമ്രികോൺ എന്ന പുതിയ കോവിഡ് വകഭേദമാണ് എണ്ണവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നത്. അതീവ അപകടകാരിയാണ് ഒമ്രികോണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് എണ്ണവിലയിൽ വൻ ഇടിവുണ്ടായത്. നേരത്തെ എണ്ണവില കുറക്കുന്നതിനായി കരുതൽ ശേഖരം പുറത്തെടുക്കാൻ യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. യുഎസിന് പുറമേ ഇന്ത്യ, ചൈന, ദക്ഷിണകൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇത്തരത്തിൽ കരുതൽ ശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചിരുന്നു.
അതേസമയം, ഒപെകിന്റെ നിർണായക യോഗം ഡിസംബർ ആദ്യവാരം നടക്കുന്നുണ്ട്. ഉൽപാദനം സംബന്ധിച്ച നിർണായക തീരുമാനം ഒപെക് യോഗത്തിലെടുക്കും. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഒപെക് എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ അവ്യക്തത തുടരുകയാണ്. നേരത്തെ അടുത്ത വർഷം ജനുവരി മുതൽ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.