കുവൈത്ത് സിറ്റി: വെസ്റ്റ് ഏഷ്യൻ യൂത്ത് ഫുട്ബാളിൽ എ ഗ്രൂപ്പിൽ കുവൈത്ത് ബഹ്റൈനുമായി സമനില പാലിച്ചു. ഇറാഖിലെ ബസറയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒാരോ ഗോൾ വീതം നേടി. 45ാം മിനിറ്റിൽ മുബാറക് മുഹമ്മദിലൂടെ ബഹ്റൈനാണ് ആദ്യം ഗോൾ നേടിയത്.
79ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ഫഹദ് അൽ ആസ്മി സമനില നേടിക്കൊടുത്തു. ഇതോടെ കുവൈത്തിന് മൂന്നു മത്സരത്തിൽ നാലു പോയൻറായി. ബഹ്റൈനും ഇതേ പോയൻറ് നിലയാണ്. എന്നാൽ, ഗോൾ ശരാശരിയിൽ കുവൈത്ത് മുന്നിൽ നിൽക്കുന്നു.
രണ്ടു കളിയിൽ ആറു പോയൻറ് നേടിയ ഇറാഖാണ് ഗ്രൂപ്പിൽ മുന്നിൽ. മൂന്നു പോയൻറുമായി ഫലസ്തീൻ നാലാം സ്ഥാനത്തും പോയെൻറാന്നുമില്ലാത്ത യമൻ അവസാന സ്ഥാനത്തുമാണ്. അടുത്ത കളിയിൽ വിജയിച്ചാൽ കുവൈത്തിന് സെമി ഫൈനലിലേക്ക് മുന്നേറാം. ഒാരോ ടീമും ഗ്രൂപ് ഘട്ടത്തിൽ പരസ്പരം മത്സരിക്കും. ബി ഗ്രൂപ്പിൽ ജോർഡൻ, സിറിയ, ലബനാൻ, യു.എ.ഇ ടീമുകളാണുള്ളത്.