കൊച്ചി: മോഫിയ പർവീൻ്റെ ആത്മഹത്യയിൽ സിഐ സി എൽ സുധീറിനെ സസ്പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.
അതേസമയം, ആലുവ പോലീസ് സ്റ്റേഷൻ ചുമതല പുതിയ സിഐക്ക് നൽകിയിട്ടുണ്ട്. രാമമംഗലം സിഐ ആയിരുന്ന സൈജു കെ പോളിനാണ് ചുമതല. ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കിയായിരുന്നു നടപടി.