ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള പരിശോധന കർശനമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കണമെന്ന് സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ അവരുടെ സാമ്പിളുകൾ വിശദപരിശോധനക്ക് വിധേയമാക്കണം. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിലും ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ റിപ്പോർട്ടനുസരിച്ച് ബോട്സ്വാന-3, ദക്ഷിണാഫ്രിക്ക-6, ഹോങ്കോങ്-1 എന്നിങ്ങനെ ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായി പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.