ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയില്‍. ഇരു ടീമും കാര്യമായ മുന്നേറ്റങ്ങളും ഗോളവസരങ്ങളും സൃഷ്ടിക്കാതിരുന്ന മത്സരത്തില്‍ ലഭിച്ച രണ്ട് സുവര്ണാവസരങ്ങള് നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.
36ാം മിനുറ്റിലായിരുന്നു ഗോളെന്ന് ഉറപ്പിച്ച നീക്കം ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ജോര്‍ജ് പെരയ്ര ഡിയാസാണ് അവസരം നഷ്ടപ്പെടുത്തിയത്. നോര്‍ത്ത് ഈസ്റ്റ് താരം ലാക്രയുടെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച ഡിയാസ് ബോക്സിലുണ്ടായിരുന്ന ഒരു ഡിഫന്‍ഡറെ മറികടന്ന് മുന്നില്‍ കയറിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് പുറത്തേക്കടിച്ച് കളയുകയായിരുന്നു.
രണ്ടാം പകുതിയുടെ ആദ്യത്തില്‍ മലയാളി താരം സഹല്‍ മറ്റൊരു അവസരം നഷ്ടപ്പെടുത്തി. 51ാം മിനുറ്റിൽ വിന്‍സി ബെരോറ്റോ നോര്‍ത്ത് ഇൌസ്റ്റ് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് പന്തുമായി മുന്നേറി. ബോക്സിന് അടുത്ത് എത്തി നില്‍ക്കെ പന്ത് സഹലിന് മറിച്ചുനല്‍കുകയായിരുന്നു. ഗോള്‍കീപ്പര്‍ മാത്രമെ സഹലിന് മുന്നിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ സഹല്‍ പന്ത് തട്ടിയത് പുറത്തേക്കും.
ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനോട് 4-2നാണ് തോറ്റത്. ആദ്യമത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് ബംഗലൂരുവിനോടും സമാന സ്കോറിനാണ് കീഴടങ്ങിയിരുന്നത്.