തിരുവനന്തപുരം: കേരളത്തിൽ പൊലീസ് രാജെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു. ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് പ്രതികരണം. പൊലീസ് നടപടിയിൽ പ്രതിഷേധമറിയിക്കുന്നതായും അരുൺ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
ആലുവ സിഐ സുധീറിനെതിരെ പരാതി നൽകാനെത്തിയ 17 വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ് പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു.
അതേസമയം പൊലീസിന്റെ സമീപനം വളരെ മോശമായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സമരം ചെയ്യാന്‍ നിങ്ങൾ ആരാണെന്ന് ചോദിച്ച പൊലീസ് എല്‍.എല്‍.ബി ഭാവി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികള്‍ പ്രതികരിച്ചു.