തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകൻ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓർമ്മയായിട്ട് അരനൂറ്റാണ്ടാകുന്നു. കേരള ഭാഷാ സാഹിത്യ ചരിത്രം(ഏഴ് വാല്യങ്ങൾ) ഉൾപ്പെടെ ഇരുന്നൂറിലേറെ അമൂല്യഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിച്ച പി ഗോവിന്ദപിള്ളയുടെ ദീപ്തമായ ഓർമ്മകൾക്ക് പുനർജനിയായി. അദ്ദേഹത്തിൻറെ സ്മരണാർത്ഥം വിപുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷൻ സംഘടിപ്പിച്ചിട്ടുള്ളത്. അമൂല്യഗ്രന്ഥങ്ങളുടെ പുനർപ്രകാശനത്തിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും മുൻതൂക്കം നൽകിയാണ് പി ഗോവിന്ദപിള്ളയുടെ സ്മരണാഞ്ജലി നടക്കുക.പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
മലയാളത്തിലെ ആദ്യ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം 1955 ൽ ആർ നാരായണപണിക്കർക്ക് ലഭിച്ചത് പി ഗോവിന്ദപിള്ള പ്രസിദ്ധീകരിച്ച കേരള ഭാഷാ സാഹിത്യ ചരിത്രമെന്ന ഏഴ് വാല്യങ്ങളുള്ള ഗ്രന്ഥത്തിനാണ്. കേരളത്തിൻറെ പ്രസാധക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ സ്ഥാനമാണ് പി ഗോവിന്ദപിള്ളയ്ക്കുള്ളത്. വിവിധ വിഷയങ്ങളിൽ ഇരുന്നൂറിൽപ്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സാഹിത്യഭൂഷണം. പ്രാചീനകേരളം, കണ്ണശ്ശൻമാരും എഴുത്തച്ഛനും, ആദികേരളീയ ചരിത്രം, അമൃതവല്ലി, ചന്ദ്രലേഖ, അത്ഭുതനിലയത്തിലെ വിഷം ചീറ്റുന്ന കണ്ണുകൾ, രാക്കിളികൾ, കൃഷ്ണഗാഥ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ പുസ്തകങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. പ്രസിദ്ധമായ വർക്കല മാന്തറ വലിയവീട്ടിൽ 1880 ജൂൺ 15 നാണ് പി ഗോവിന്ദപിള്ള ജനിച്ചത്. പിതാവ് ഇടവാ നമ്പച്ചൻ വീട്ടിൽ കണക്കു കൃഷ്ണപിള്ള നാരായണപിള്ള ആയില്യം തിരുനാൾ മഹാരാജാവിൻറെ ഉടവാൾ വാഹകൻ, തരണനല്ലൂർ നമ്പൂതിരിപ്പാട് തിരുമനസ്സിൻറെ കാര്യസ്ഥൻ എന്നീ പദവികളും നിർവ്വഹിച്ചിരുന്നു.
ഒരു സ്ഥിരം പ്രസാധക സ്ഥാപനത്തിൻറെ അനിവാര്യത മനസ്സിലാക്കിയാണ് പി ഗോവിന്ദപിള്ള തിരുവനന്തപുരം നഗരഹൃദയത്തിൽ ചാല മെയിൻ റോഡിൽ തലസ്ഥാനത്തെ പ്രഥമ പ്രസാധക സ്ഥാപനം വിദ്യാവിലാസിനി ബുക്ക് ഡിപ്പോ 1911 ഏപ്രിൽ 23 ന് ആരംഭിച്ചത്. നഗരവാസികളുടെ പ്രിയപ്പെട്ട പുസ്തകക്കടയായി മാറിയ വിദ്യാവിലാസിനിയിലൂടെ പി ഗോവിന്ദപിള്ള പുസ്തകക്കട ഗോവിന്ദപിള്ളയായി പ്രസിദ്ധനായി. തിരുവിതാംകൂർ രാജകുടുംബവുമായി ഏറെ ബന്ധമുണ്ടായിരുന്ന പി ഗോവിന്ദപിള്ള, മന്നത്ത് പത്മനാഭൻ, പട്ടം താണുപിള്ള തുടങ്ങിയ രാഷ്ട്രീയ-സാമുദായിക നേതാക്കൻമാരുമായി ഊഷ്മളമായ സൗഹൃദം നിലനിർത്തിപ്പോന്നു. കേരളത്തിൻറെ പുസ്തക പ്രസാധക ചരിത്രത്തിൽ നിർണ്ണായക സംഭാവനകൾ നൽകിയ പി ഗോവിന്ദപിള്ളയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും അദ്ദേഹത്തിൻറെ ഓർമ്മകൾ പുതുക്കുവാനുമുള്ള ഒട്ടേറെ പരിപാടികളാണ് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും സംഘടിപ്പിച്ചിട്ടുള്ളത്.
പരിപാടിയുടെ ആദ്യചടങ്ങായ ലോഗോ പ്രകാശനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നിർവ്വഹിച്ചു. വാട്ടർലയൺ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആറ്റുകാൽ ഓമനക്കുട്ടൻ, വാട്ടർലയൺ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പി ഗോവിന്ദപിള്ളയുടെ ചെറുമകനുമായ ശംഭു ഗോവിന്ദ് ഒ എസ്, പി ഗോവിന്ദപിള്ള ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ് ആർ കൃഷ്ണജ്യോതി എന്നിവരും കൊട്ടാരത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു