കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു. ഭാര്യ ഉമാദേവി, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്.
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, ജയറാം, മുകേഷ്, ദിലീപ് തുടങ്ങിയ താരങ്ങളുടെ ഹിറ്റ് ചിത്രങ്ങളിൽ നായികയായി താരം തിളങ്ങി. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന ദിവ്യ നൃത്തവേദികളിൽ ഇപ്പോഴും സജീവമാണ്.
ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്.