ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥി മോഫിയ പർവീൺ (Mofia Parveen)ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സിഐ സുധീറിനെതിരെ (ci sudheer) കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഡിവൈഎസ്പി യോഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു. സിഐ സുധീർ തെറ്റ് ആവർത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്. മോഫിയ പർവീൺ വിഷയത്തിൽ നിലവിൽ വനിത കമ്മീഷൻ കേസ് എടുത്തിട്ടില്ലെന്നും സതീദേവി അറിയിച്ചു.
മോഫിയ പർവീൺ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്. ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ തുടർ നടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ തനിക്ക് സ്റ്റേഷനിൽ മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ പരാതി അന്വേഷിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ ഏർപ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് സുധീറിന്റെ നിലപാട്. നവംബർ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെൺകുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടർന്ന് 22 ാം തിയതിയാണ് ചർച്ചയ്ക്കായി സ്റ്റേഷനിൽ വന്നതെന്നും റിപ്പോർട്ടിലുണ്ട്.