ഉമ്മുൽഖുവൈൻ: യുഎഇ സുവർണ ജൂബിലി ആഘോഷം പ്രമാണിച്ച് ഉമ്മുൽഖുവൈൻ പൊലീസ് ഗതാഗത പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. നവംബർ ഒന്നിനു മുൻപുള്ള പിഴകൾ ഡിസംബർ 1 മുതൽ ജനുവരി 6 വരെ അടയ്ക്കുന്നവർക്കാണ് ഇളവ്.
ഈ കാലയളവിലെ ബ്ലാക് പോയിന്റുകളും റദ്ദാക്കും. ഉമ്മുൽഖുവൈൻ എമിറേറ്റിൽ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘന പിഴകൾക്ക് മാത്രമാണ് ഇളവ്. അശ്രദ്ധയോടെ വാഹനമോടിച്ച് ജീവൻ അപകടത്തിലാക്കുക, അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിനിലോ ചേസിസിലോ മാറ്റം വരുത്തുക തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള പിഴയെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെയോ ഉമ്മുൽഖുവൈൻ പൊലീസിന്റെയോ സ്മാർട് ആപ്പ്, വെബ്സൈറ്റ്, സഹൽ ഇലക്ട്രോണിക് പേയ്മന്റ് മെഷീൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പണമടയ്ക്കാം. ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ലഭിച്ച ഒട്ടേറെ മലയാളികൾക്കും ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ആനുകൂല്യം പ്രയോജനപ്പെടുത്തി പിഴ അടച്ച് ട്രാഫിക് ഫയൽ കുറ്റമറ്റതാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.