തിരുവനന്തപുരം: സംസ്ഥാനത്ത് കുരുമുളക് വില കുതിക്കുന്നു. ഒരാഴ്ച മുമ്പ് കുരുമുളക് കിലോഗ്രാമിന് 400 രൂപയായിരുന്നു. ഈയാഴ്ച 515 രൂപയാണ് വില. ഗുണമേന്മയനുസരിച്ച് 515-530 രൂപ വരെയാണ് വില.
തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഉൽപാദനം നടക്കാത്തതും വിപണിയിൽ ആവശ്യം വർധിച്ചതുമാണ് വിലയുയരാൻ കാരണം.
270-350 രൂപ വരെയായിരുന്നു ഏതാനും വർഷങ്ങളായി കുരുമുളകിൻ്റെ ശരാശരി വില. ഉത്തരേന്ത്യയിലേക്കുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കും കുരുമുളക് കേരളത്തിൽനിന്നാണ് കയറ്റിയയക്കുന്നത്.
ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവയാണ് പ്രധാന ആഭ്യന്തര വിപണി. 2015ൽ കിലോഗ്രാമിന് 730 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് തുടർന്നുള്ള വർഷങ്ങളിൽ വില കുത്തനെ ഇടിയുകയായിരുന്നു.