തിരുവനന്തപുരം: മൂന്നുമാസത്തോളം തന്റെ മകനെ സ്വന്തം കുഞ്ഞിനെപോലെ നോക്കിവളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്ന് അനുപമ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ട്. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു.
ആന്ധ്രയിലെ ദമ്പതിമാർക്ക് നീതി കിട്ടണമെന്നും ദമ്പതികൾക്ക് എപ്പോൾ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ പറഞ്ഞു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേർത്തു.
ഒടുവിൽ മകൻ എയ്ദനെ കിട്ടുമ്പോഴും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും,സി ഡബ്ലൂ സി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു.സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു.
ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. മാസങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചത്. വിധി വന്നതിന് പിന്നാലെ ജഡ്ജിയുടെ ചേംമ്പറില്‍വെച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.