ദോഹ:ഖത്തറിന് പുറത്ത് കോവിഡ് വാക്സീൻ എടുത്തവർക്കും ഖത്തറിൽ എത്തുമ്പോൾ ബൂസ്റ്റർ ഡോസ് ലഭ്യമെന്ന് അധികൃതർ. മറ്റ് രാജ്യങ്ങളിൽ നിന്ന് അസ്ട്രാസെനിക്ക വാക്സീൻ എടുത്തവരാണെങ്കിലും ഖത്തറിലെത്തുമ്പോൾ ഫൈസർ-ബയോടെക്കിന്റെയോ അല്ലെങ്കിൽ മൊഡേണയുടേയോ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ അപകടമില്ലെന്ന് മന്ത്രാലയം വാക്സിനേഷൻ മേധാവി ഡോ.സോഹ അൽ ബയാത് പറഞ്ഞു.
വ്യത്യസ്ത വാക്സീൻ ഡോസുകൾ എടുക്കുന്നതിൽ അപകടമില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. രാജ്യത്ത് നിലവിൽ കോവിഡ് വാക്സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിൽ കൂടുതലായവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാതിരുന്നാൽ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് നൽകുന്ന ഇളവുകളിൽ മാറ്റം വരുത്താനും ഇടയുണ്ട്.
കോവിഡ് വാക്സീൻ ആദ്യ രണ്ടു ഡോസുമെടുത്തവരുടെ വാക്സീൻ കാലാവധി 12 മാസമാണ്. രണ്ടാമത്തെ ഡോസെടുത്ത് 6 മാസം കഴിയുമ്പോൾ കോവിഡ് പ്രതിരോധ ശേഷി ദുർബലമാകുന്നതിനാൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് പ്രധാനമാണെന്നും ഡോ. സോഹ നിർദേശിച്ചു.