മാഞ്ചസ്റ്റര്‍: യൂവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) പ്രീക്വാര്‍ട്ടറില്‍ കടന്നു. പരിശീലകന് ഒലയെ പുറത്താക്കിയ ശേഷം ആദ്യമായി ഇറങ്ങി മത്സരത്തില്‍ വിയ്യാ റയലിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. 78-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (Cristiano Ronaldo) യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. സീസണിലെ ചാംപ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ ആറാം ഗോളായിരുന്നു ഇത്. 89-ം മിനുറ്റില്‍ ജാദന് സാഞ്ചോയും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. സാഞ്ചോയുടെ യുണൈറ്റഡ് കരിയറിലെ ആദ്യഗോളായിരുന്നു ഇത്. ഒലെ പോയ ശേഷം മൈക്കേല്‍ കാരിക്കാണ് യുണൈറ്റഡിന്റെ താല്‍ക്കാലിക പരിശീലകന്.
അതേസമയം, ബെന്‍ഫിക്കയ്ക്ക് എതിരെ ഗോളില്ലാ സമനില വഴങ്ങിയതോടെ, ബാഴ്സലോണയുടെ നില പരുങ്ങലിലായി. ഗ്രൂപ്പ് ഇയില്‍ ഏഴ് പോയിന്റുമായി രണ്ടാമതാണ് നിലവില്‍ സാവിയുടെ ബാഴ്സ. അടുത്ത മത്സരത്തില്‍ നേരിടാനുള്ള കരുത്തരായ ബയേണിനെ. അന്ന് അടിതെറ്റിയാല്‍ ബെന്‍ഫിക- ഡൈനാമോ മത്സരത്തെ ആശ്രയിച്ചാകും ബാഴ്സയുടെ ഭാവി.
ചാംപ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ യുവന്റസിനെതിരെ വമ്പന്‍ ജയവുമായി ചെല്‍സി. ടൂറിനിലേറ്റ പരാജയത്തിന് ചെല്‍സി പകരം വീട്ടിയത് എതിരില്ലാത്ത നാല് ഗോളിന്. 25-ാം മിനിറ്റില്‍ ചലോബ ആണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 55-ാം മിനുറ്റില്‍ റീസ് ജെയിംസിലൂടെ ചെല്‍സി ലീഡ് ഉയര്‍ത്തി. മൂന്ന് മിനിറ്റുന് ശേഷം ഹഡ്സണ്‍ ഒഡോയ് യുവന്റസ് വല കുലുക്കി. കളി തീരാന്‍ നിമിഷം ബാക്കി നില്‍ക്കെ വെര്‍ണര്‍ ചെല്‍സിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഡൈനാമോ കീവിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക്. കനത്ത മഞ്ഞു പെയ്യുന്നതിനിടെ ആയിരുന്നു മത്സരം. പതിനാലാം മിനുറ്റില്‍ ബൈസിക്കിള്‍ കിക്കിലൂടെ ലെവന്‍ഡോസ്കിയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതി തീരുംമുമ്പ് കൊമാന് ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയല്‍ ഗമാഷിലൂടെ ഡൈമാനോ ഒരു ഗോള്‍ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. ഇതോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ബയേണ്‍ നോക്കൗട്ടിലെത്തി.