തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപില്‍ ആശ്രിതരുടെ വിവരങ്ങള്‍ പുതുക്കാന്‍ അവസരം.ഡിസംബര്‍ 20നകം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അതിനുശേഷം മാറ്റം അനുവദിക്കില്ലെന്നും വ്യക്തമാക്കി ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.
ഒരു വ്യക്തിക്ക് ഒന്നിലധികം ജീവനക്കാരുടെയോ പെന്‍ഷന്‍കാരുടെയോ ആശ്രിതരാകാന്‍ കഴിയില്ല. സര്‍ക്കാര്‍ ജീവനക്കാര്‍/പെന്‍ഷന്‍കാരായ പങ്കാളികള്‍ ഒരേ ആശ്രിതരെ രണ്ടുപേരുെടയും ആശ്രിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാകണം. നിയമനാംഗീകാരം ലഭിക്കാതെ എയ്ഡഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ നിയമനാംഗീകാരം ലഭിക്കുന്ന മുറക്കേ മെഡിസെപില്‍ ഉള്‍പ്പെടുത്തൂ.
ജീവനക്കാരും പെന്‍ഷന്‍കാരും ആശ്രിതരുടേതടക്കം നല്കിയ വിവരങ്ങള്‍ www.medisep.kerala.gov.in എന്ന സൈറ്റില്‍ പരിശോധിക്കണം. വിവരം പൂര്ണമല്ലെങ്കിലോ തെറ്റുണ്ടെങ്കിലോ ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്താം. ജീവനക്കാര്‍ അത് ഡി.ഡി.ഒ/നോഡല്‍ ഒാഫിസര്‍ വഴി നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷിച്ച് മെഡിസെപ് വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം. ട്രഷറി ഒാഫിസര്‍മാരെ സമീപിച്ചാണ് പെന്‍ഷന്‍കാര്‍ തിരുത്തലുകള്‍ വരുത്തേണ്ടത്.
പുനര്‍നിയമിക്കപ്പെട്ട പെന്‍ഷന്‍കാര്‍ നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാറ്റഗറിയില്‍ ഉള്‍പ്പെട്ടുവെങ്കില്‍ ഇവരെ പെന്‍ഷന്‍കാരുടെ കാറ്റഗറിയില്‍ മാത്രമായി ഉള്‍പ്പെടുത്തണം. സര്‍ക്കാര്‍ ജീവനക്കാരായിരിക്കെ മെഡിസെപ് ഐ.ഡി ലഭ്യമായവരും നിലവില്‍ വിരമിക്കുകയും ചെയ്തവരുടെ വിവരങ്ങള്‍ ഇപ്പോള്‍ മെഡിസെപ് ഡാറ്റയില്‍ പ്രീമെന്ഷണര് മൈഗ്രേഷന്‍ എന്ന വിഭാഗത്തിലാണ് ലഭ്യമായത്. ഇതില്‍ ആവശ്യമായ മാറ്റം വരുത്തും. ആഡ് ന്യൂ ഉപയോഗിച്ച് നേരിട്ടും പെന്‍ഷന്‍കാരെ മെഡിസെപ്പിലേക്ക് ഉള്‍പ്പെടുത്താം. ഇതുവരെ ആശ്രിതരുടെ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യാം. പെന്‍ഷന്‍കാര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. ഇനി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതരെ ചേര്ക്കാര് അവസരമുണ്ടാകില്ല.
അപേക്ഷ നല്‍കാത്ത പെന്‍ഷന്‍കാര്‍ ഡിസംബര്‍ 15നകം ട്രഷറികളില്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്ത ജീവനക്കാരെ കണ്ടെത്തി അപേക്ഷ നല്കാന് നോഡല്‍ ഓഫിസര്‍മാര്‍ക്കും ഡി.ഡി.ഒമാര്‍ക്കും നിര്‍ദേശം നല്കി.