ദുബൈ: ബോളിവുഡ് (Bollywood)താരം വരുൺ ധവാൻ(Varun Dhawan) യുഎഇ ഗോൾഡൻ വിസ(UAE Golden Visa) ഏറ്റുവാങ്ങി. ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ സർക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് വരുൺ ധവാൻ പ്രതികരിച്ചു. ബോളിവുഡിൽ നിന്നും മലയാള സിനിമയിൽ നിന്നും നിരവധി താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, സോനു നിഗം, സഞ്ജയ് കപൂർ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവരടക്കമുള്ള ബോളിവുഡ് താരങ്ങൾ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്, നിർമ്മാതാവ് ആൻറോ ജോസഫ്, പ്രണവ് മോഹൻലാൽ എന്നിവർക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് ദീർഘകാലത്തേക്കുള്ള ഗോൾഡൻ വിസ. വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട്.
ദുബൈയിൽ മാത്രം ഗോൾഡൻ വിസ അനുവദിച്ചത് 44,000 പ്രവാസികൾക്ക്
ദുബൈ: ദുബൈ എമിറേറ്റിൽ മാത്രം 44,000ൽ അധികം പ്രവാസികൾ യുഎഇയിലെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ സ്വന്തമാക്കിയതായി കണക്കുകൾ. 2019ൽ ഗോൾഡൻ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതൽ ഇപ്പോൾ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിർത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനിയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും ലക്ഷ്യമിട്ടാണ് ഗോൾഡൻ വിസ പ്രഖ്യാപിച്ചത്.
തുടക്കത്തിൽ പത്ത് വർഷത്തേക്ക് അനുവദിക്കുന്ന ഗോൾഡൻ വിസകൾ, കാലാവധി കഴിയുന്ന മുറയ്ക്ക് ദീർഘിപ്പിച്ചു നൽകും. നിക്ഷേപകർ, സംരംഭകർ, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകർ, മിടുക്കന്മാരായ വിദ്യാർത്ഥികൾ എന്നിവർക്കായാണ് ഗോൾഡൻ വിസ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീട് കൂടുതൽ പേർക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ ലംഘൂകരിച്ചു.
മാനേജർമാർ, സിഇഒമാർ, ശാസ്ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ് മാനേജ്മെന്റ്,
ടെക്നോളജി എന്നീ രംഗങ്ങളിലെ വിദഗ്ധർ എന്നിവർക്കെല്ലാം ഗോൾഡൻ വിസ അനുവദിക്കും. ഒപ്പം വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.