തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സി ഡബ്ള്യു സി കോടതിയിൽ ഹാജരാക്കി. ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേനെയാണ് വഞ്ചിയൂർ കുടുംബ കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നൽകിയിട്ടുണ്ട്.
അതേസമയം, വിഷയത്തിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. വനിത-ശിശു വികസന ഡയറക്ടറുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കണം. കുഞ്ഞിനെ അനുപമയുടെ അടുത്ത് ഉടൻ എത്തിക്കണമെന്നും വീണ ജോർജ് പറഞ്ഞു.
ഇതിനിടെ സി ഡബ്ള്യു സി ചെയർപേഴ്സൺ എൻ സുനന്ദയ്ക്ക് ബാലാവകാശ കമ്മിഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്. സി ഡബ്ള്യു സി ഭാരവാഹികൾ ഹിയറിംഗിന് ഹാജരാകാത്തതിനാലാണ് നടപടിയെന്ന് ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരോശോധിക്കുമെന്ന് ചെയർമാൻ കെ വി മനോജ് കുമാർ അറിയിച്ചു.