പാലക്കാട്: കിണാശേരി മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടി അറസ്റ്റിൽ. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ രണ്ടാമന്റെയും വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസം കേസിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹിയായ ഒരാളെ അറസ്റ്റുചെയ്തിരുന്നു. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സഞജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് ഇതുവരെ പിടിയിലായ രണ്ടുപേരും. ആദ്യം അറസ്റ്റിലായ പ്രതിയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ ഉൾപ്പെട്ടവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ രഹസ്യമായി കഴിയുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതേ തുടർന്ന് മറ്റ് ജില്ലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ തിങ്കളാഴ്ചയാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. നെന്മാറ സ്വദേശി സലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. സംഭവ സമയത്ത് വാഹനം ഓടിച്ചത് ഇയാളാണെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് കാറിലെത്തിയ അക്രമി സംഘം സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.