മുംബൈ: സിഖ് കർഷകര്‍ക്കെതിരായ ‘ഖലിസ്താനി’ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മുംബൈ സബർബൻ ഖാർ പൊലിസ് കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിൽ തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതായി കാണിച്ച് സിഖ് സമുദായാംഗങ്ങൾ നൽകിയ പരാതിയിലാണ് നടപടി.
ഏതെങ്കിലും വർഗത്തിന്റെ മതത്തേയോ വിശ്വാസത്തേയോ അവഹേളിച്ച് വികാരങ്ങളെ വൃണപ്പെടുത്തുന്ന മനപ്പൂർവ ശ്രമങ്ങൾക്കെതിരെയുള്ള 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
കങ്കണ കിസാൻ മോർച്ചയിലെ കർഷകരുടെ സമരത്തെ ഖാലിസ്ഥാനി മൂവ്മെൻറായും സിഖ് സമുദായത്തെ ഖാലിസ്ഥാൻ തീവ്രവാദികളായും മനഃപൂർവം ചിത്രീകരിച്ചതായി പരാതിയിൽ പറഞ്ഞു. സിഖ് സമുദായത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിൽ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി(ഡിഎസ്ജിഎംസി) പരാതി നൽകിയിരുന്നു.
കങ്കണ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് കേസിന് ആസ്പദം. പോസ്റ്റ് സിഖ് സമൂഹത്തെ മനപ്പൂര്‍വം അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സിഖ് ഗുരുദ്വാര കമ്മറ്റിക്ക് വേണ്ടി പരാതി നല്കിയ അമര്‍ജീത്ത് സിങ് സിദ്ദു പറഞ്ഞു. വിഷയത്തില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മറ്റി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ കണ്ടു.