ആലപ്പുഴ: കേരളത്തിന്റെ സമ്പദ്ഘടന പിടിച്ചു നിർത്തുവാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ അവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ദിനംപ്രതി ഇന്ധനവില വർദ്ധിപ്പിച്ച ശേഷം കുറ്റം സംസ്ഥാന സർക്കാരിനു മേൽ കെട്ടിവെയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കോൺഗ്രസ് ഭരിച്ചപ്പോൾ ഇന്ധന വിലവർദ്ധനവിനെതിരെ സമരം നടത്തിയ ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ് ഇന്ന് വിലവർദ്ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ് അധ്യക്ഷനായി.