സേലം: സേലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഗ്നിശമന സേന ജീവനക്കാരനടക്കം അഞ്ച് പേര് മരിച്ചു . 17 പേര്‍ക്ക് പരിക്കേറ്റു.
സേലത്തെ കാറുംഗല്‍പട്ടി പാണ്ഡുരംഗന് വിട്ടല്‍ സ്ട്രീറ്റിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ താമസിക്കുന്ന കുടുംബങ്ങളിലൊന്നായ ഗോപിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ആകെ 27ഓളം പേരാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. അയല്‍വാസികളും ഫയര്‍ഫോഴ്സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 18 പേരെ രക്ഷപ്പെടുത്തി.
പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ ജീവനക്കാരനായ പത്മനാഭന്, അദ്ദേഹത്തിന്റെ ഭാര്യ ദേവി, കാര്‍ത്തിക് റാം, ഇമ്മാനുവേല്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.