ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്, മുതിര്‍ന്നവര്‍ക്കുള്ള അധിക ഡോസ് എന്നിവ സംബന്ധിച്ച പദ്ധതി കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചക്കകം രൂപപ്പെടുത്തിയേക്കും.പ്രതിരോധ കുത്തിവെപ്പുകള്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാറിൻറെ ദേശീയ സാങ്കേതിക ഉപദേശകസമിതി അടുത്ത ദിവസം വിഷയം ചര്‍ച്ച നടത്തും.
18ല്‍ താഴെ പ്രായമുള്ളവരില്‍ മറ്റു രോഗങ്ങള്‍ അലട്ടുന്നവര്‍ക്ക് ജനുവരിയില്‍ കോവിഡ് വാക്സിന് നല്‍കിത്തുടങ്ങുമെന്നാണ് സൂചന. മറ്റു കുട്ടികള്‍ക്ക് മാര്‍ച്ച് മുതല്‍ നല്‍കാനാണ് ഉദ്ദേശ്യം. കുട്ടികള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയിരിക്കെ, ഇനിയും അവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കാന് വൈകരുതെന്നാണ് സമിതി അംഗങ്ങളുടെ കാഴ്ചപ്പാട്. മുതിര്‍ന്നവരുടെ കാര്യത്തില്‍ അധിക ഡോസ് നല്കുകയാണോ, ബൂസ്റ്റര്‍ ഡോസ് നല്കുകയാണോ വേണ്ടതെന്ന നയരൂപകര്‍ത്താക്കളുടെ ചര്‍ച്ച ആഗോളതലത്തില്‍ നടന്നുവരുന്നുണ്ട്.
ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്ക് ഒരു ഡോസെങ്കിലും കിട്ടിയെന്നിരിക്കെ, ഇനി കുട്ടികളില്‍ കേന്ദ്രീകരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ടു വാക്സിന് എടുത്ത മുതിര്‍ന്നവര്‍ക്ക് ചില രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരുടെ കാര്യത്തിലുള്ള തുടര്‍ പദ്ധതിയും സമിതിയാണ് ശിപാര്‍ശ ചെയ്യേണ്ടത്.