തിരുവനന്തപുരം; കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശിയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കൻ പൗരൻ ഇർവിൻ ഫോക്സിനെയാണ് ഹോട്ടൽ മുറിയിൽ അവശനിലയിൽ കണ്ടെത്തിയത്.ഇർവിന് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
പൊലീസിലെ ബീറ്റ് ഓഫിസർമാരിൽ ഒരാൾക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉൾപ്പെട്ടവരുടെ സംഘം വൈകിട്ടു ഹോട്ടലിൽ എത്തിയത്. രോഗിയുടെ മുതുകുഭാഗത്ത് രണ്ടു വലിയ വ്രണങ്ങൾ കണ്ടെത്തി. ഇതു കാരണമാകാം ഉറുമ്പു സാന്നിധ്യം എന്നു കരുതുന്നു. അവശനിലയിലായ ഇർവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഒരു വർഷം മുൻപ് കോവളത്തെത്തിയ വിദേശി വീണു എന്നും ഇതിന് നഗരത്തിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ തുടർ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലിൽ തന്നെ വിദേശിയെ കിടത്തുകയായിരുന്നു എന്നാണു വിവരം.