രാജ്യത്തെ ഓരോ മനുഷ്യർക്കും ശുദ്ധ ജലവും പൊതുശുചിത്വ സൗകര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹാർപിക് മിഷൻ പാനി ക്യാംപയിൻ ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് പുതിയ പ്രതിജ്ഞയും ആമുഖവും അവതരിപ്പിച്ചു. ‘ശുദ്ധ ജലം സുസ്ഥിര ശുചിത്വം’ എന്ന പ്രതിജ്ഞ കേന്ദ്ര ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷഖാവത്താണ് പ്രകാശനം ചെയ്തത്. ഒളിംബിക് മെഡൽ ജേതാവായ ബോക്സർ ലവ്ലീന ബോർഗോഹെയ്ൻ, ഇന്ത്യൻ ഹോക്കി താരം സവിത പുനിയ, ഗാനരചയിതാവ് കൗസർ മുനീർ, ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന, പാരലിംബിക് അത്ലറ്റ് ഭാവിന പട്ടേൽ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തരായ അഞ്ച് വനിതകളും പരിപാടിയുടെ ഭാഗമായി.
ദില്ലി രാഷ്ട്രീയ സ്വച്ഛദാ കേന്ദ്രയിൽ നടന്ന ചടങ്ങിൽ ശുചീകരണ തൊഴിലാളികളുടെ അനുഭവങ്ങൾ വിവരിക്കുന്ന ‘101 സ്റ്റോറീസ് ഓഫ് ഇൻസ്പിരേഷൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. നാടിനെ വൃത്തിയോടെ സൂക്ഷിക്കാൻ ജീവൻ പണയം വച്ച് മാൻഹോളുകളിലും മറ്റും ജോലിചെയ്തിരുന്ന ശുചീകരണ തൊഴിലാളികൾക്കുള്ള ആദരം കൂടിയാണ് ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽബിയിംഗ് കൗൺസിൽ പുറത്തിറക്കിയ പുസ്തകം. കൈകൾ കൊണ്ട് ഓടകൾ വൃത്തിയാക്കേണ്ടി വന്നിരുന്നതിൽ നിന്ന് കൂടുതൽ മാന്യമായ തൊഴിൽ സാഹചര്യം സൃഷ്ടിച്ചെടുത്തതിന്റെ കഥകളും പുസ്തകം പങ്കുവയ്ക്കുന്നു.
സ്വച്ഛ് ഭാരത് മിഷനും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടും കൈക്കോർത്ത് പ്രവർത്തിക്കുന്ന ഹാർപിക് മിഷൻ പാനി ക്യാമ്പയിൻ ശുദ്ധജലവും ശുചീകരണ സൗകര്യങ്ങളും സമൂഹത്തിലാർക്കും അന്യമാകരുത് എന്ന ലക്ഷ്യത്തിനായാണ് പ്രവർത്തിക്കുന്നത്. ജീവിത ഗുണനിലവാരവും പോഷകവും ശുചീകരണത്തിനുള്ള സൗകര്യവും ഓരോ പൗരനും അവകാശമെന്ന വണ്ണം ഉറപ്പാക്കാനുള്ള പോരാട്ടമാണ് റെക്കിറ്റിന്റേതെന്ന് കമ്പനിയുടെ ദക്ഷിണേഷ്യൻ സീനിയർ വൈസ് പ്രസിഡന്റ് ഗൗരവ് ജെയിൻ പറഞ്ഞു. ശുദ്ധജല വിതരണവും ശുചിത്വവും ദാരിദ്രനിർമാർജനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളാണെന്നും അത് സാധ്യമാക്കാൻ റെക്കിറ്റ് പ്രതിജ്ഞാബദ്ധമാണെന്നും ഗൗരവ് വ്യക്തമാക്കി.
തുറസ്സായ സ്ഥലങ്ങളിലെ മല വിസർജ്ജനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ വലിയ പുരോഗതി കൈവരിക്കാൻ ആയിട്ടുണ്ടെന്ന് ഹാർപിക് മിഷൻ പാനി അംബാസഡറായ നടൻ അക്ഷയ് കുമാർ പറഞ്ഞു. എങ്കിലും ജനസംഖ്യയിലെ ഒരു വലിയ വിഭാഗം ഇപ്പോഴും ശൗചാലയങ്ങൾക്കും ശുദ്ധ ജല ലഭ്യതയ്ക്കും പുറത്താണെന്നും , വൈകാതെ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രത്യാശയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിഷികേഷിലും പാട്യാലയിലുമുള്ള ഹാർപിക് വേൾഡ് ടോയിലറ്റ് കോളേജിൽ നിന്നുള്ള റിപ്പോർട്ടുകളും അഭിമുഖങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.
2022 ഓടെ ശൗചാലയങ്ങൾ ഉപയോഗിക്കേണ്ടതിനെക്കുറിച്ചുള്ള ബോധവത്കരണം 20 കോടിയിലധികം ആളുകളിലെത്തിക്കുകയാണ് മിഷൻ പാനിയുടെ ലക്ഷ്യം. നിലവിലുള്ള ആറ് വേൾഡ് ടോയ്ലെറ്റ് കോളേജുകൾ കൂടാതെ ഒമ്പത് എണ്ണം കൂടി ഉടൻ പ്രവർത്തനം തുടങ്ങാനാണ് ഹാർപികിന്റെ പദ്ധതി. ഇത് രണ്ട് ലക്ഷത്തിലധികം ശുചീകരണ തൊഴിലാളികൾക്ക് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.