ചവറ: സി.പി.എമ്മിനുള്ളില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചവറ മുഖംമൂടിമുക്കിലെ കണ്വെന്ഷന് സെന്റര്‍ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി മണ്ഡപത്തിന് പിരിവ് നല്‍കിയില്ലെന്ന പേരില്‍ സി.പി.എം നേതാവ് കണ്വെന്ഷന് സെന്റര്‍ ഉടമയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നത് വിവാദമായിരുന്നു.
മന്ത്രി കണ്വെന്ഷന് സെന്റര്‍ ചടങ്ങില്‍ പങ്കെടുത്തെങ്കിലും സ്ഥലം എം.എല്‍.എ ഡോ. സുജിത്ത് വിജയന് പിള്ളയും സി.പി.എം നേതാക്കളും ചടങ്ങില്‍നിന്ന് വിട്ടുനിന്നു.കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്, മുന്‍ എം.എല്‍.എ ഷിബു ബേബിജോണ്‍, അഡ്വ. സി.പി. സുധീഷ്കുമാര്‍, സന്തോഷ് തുപ്പാശ്ശേരി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.
അമേരിക്കന്‍ പ്രവാസിയായ കോവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഓഡിറ്റോറിയം. ശബ്ദരേഖ വിവാദമായതോടെ വിവാദത്തിലകപ്പെട്ട സി.പി.എം നേതാവിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.