കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് 17.2 ഓവറില്‍ 111 റണ്‍സിന് ഓള് ഔട്ടായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.
185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിനുവേണ്ടി മാര്ട്ടിന് ഗപ്റ്റിലും ഡാരില്‍ മിച്ചലുമാണ് ഓപ്പണ്‍ ചെയ്തത്. മിച്ചല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ഗപ്റ്റില്‍ അടിച്ചുതകര്‍ത്തു.
36 പന്തുകളില്‍ നിന്ന് നാലുവീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്ത ഗപ്റ്റില്‍ ആണ് ന്യൂസീലന്‍ഡിന് ഭേദപെട്ട സ്കോര്‍ സമ്മാനിച്ചത്. 17 റണ്‍സെടുത്ത സീഫേര്‍ട്ടും 14 റണ്‍സ് നേടിയ ലോക്കി ഫെര്‍ഗൂസനുമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. മറ്റാര്‍ക്കും തന്നെ താളം കണ്ടെത്താനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 9 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. അർധസെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. 31 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 56 റണ്‍സാണ് രോഹിത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. ഇന്ത്യയ്ക്ക് ഓപ്പണറുമാരായ രോഹിത്ത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 69 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്.
21 പന്തിൽ 29 റണ്‍സെടുത്ത ഇഷാൻ കിഷനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് പിടിച്ചുനിൽക്കാനായില്ല. നാല് പന്ത് നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ മടങ്ങി. ഋഷഭ് പന്തും (4) നിരാശനാക്കി.
ശ്രേയസ് അയ്യർ 25 റണ്‍സും വെങ്കടേഷ് അയ്യർ 20 റണ്‍സും ഹർഷൽ പട്ടേൽ 18 റണ്‍സുമെടുത്തു. ദീപക് ചഹാർ 21 റണ്‍സും അക്സർ പട്ടേൽ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
ന്യൂസീലൻഡിനുവേണ്ടി നായകൻ സാന്റ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെൻഡ് ബോൾട്ട്, ആദം മിൽനെ, ലോക്കി ഫെർഗൂസൻ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.