ന്യൂഡല്‍ഹി: ഫേസ്ബുക്ക് വഴി തോക്കും മറ്റ് ആയുധങ്ങളും വിറ്റയാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ഹിതേഷ് രാജ്പുത്ത് എന്നയാളാണ് പിടിയിലായത്. പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളുടെ ഫോട്ടോകളും വീഡിയോകളും കാണിച്ച് അവ വില്‍ക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പ് കണ്ടെത്തിയത്.
ഇയാള്‍ ഫേസ്ബുക്ക് വഴി പ്രദര്‍ശിപ്പിച്ച് തോക്ക് അടക്കം ആയുധങ്ങള്‍ വില്‍ക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാജ പ്രൊഫൈല്‍ വഴി പൊലീസ് ഇയാളെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി തോക്കുകള്‍ വാങ്ങുവാന്‍ കരാറായി. ഇയാളെ ഹരിയാനയിലെ മനീസറില്‍ പണം കൈമാറാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇയാള്‍ മുന്‍പ് പതിനൊന്ന് കേസുകളില്‍ പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് നിരോധിത സംഘടനകളുമായി ബന്ധവും, പാകിസ്ഥാന് വേരുകള്‍ ഉള്ളതായും ഡല്‍ഹി പൊലീസ് സംശയിക്കുന്നുണ്ട്.
കുപ്രസിദ്ധ ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്നോയി (Lawrence Bishnoi) ഗ്യാങ്ങിന്റെ പേരിലുള്ള ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഈ ആയുധ കച്ചവടം നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. നിരവധി വെടിവയ്പ്പ് കേസുകളും തട്ടിക്കൊണ്ടുപോകലുകളും ഉള്ള ഗുണ്ട സംഘമാണ് ലോറന്‍സ് ബിഷ്നോയിയുടെത്.