തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ പരാതിക്കാരിയായ അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ എത്തിച്ചു. കുഞ്ഞുമായുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്.
ആന്ധ്രയിൽനിന്നും കുഞ്ഞിനെ രാത്രി 8.30ഓടെയാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. കുഞ്ഞിനെ നേരെ ശിശുക്ഷേമ സമിതിയിലേക്കാകും കൊണ്ടുപോവുക. കുഞ്ഞിനെ കാണമെന്ന ആവശ്യം അനുപമ നേരത്തെ അറിയിച്ചിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്കാണ് നിലവിൽ കുഞ്ഞിന്റെ ചുമതല.
ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥര്‍ക്കാണ് ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഉദ്യോഗസ്ഥർ കുഞ്ഞിനെ ഏറ്റെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്സണായിരിക്കും ഡിഎന്‍എ പരിശോധന ഫലംവരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎൻഎ പരിശോധനക്കുള്ള നടപടി ഉടൻ തുടങ്ങും.
തിങ്കളാഴ്ച തന്നെ അനുപമയുടെയും കുഞ്ഞിന്റെയും അജിത്തിന്റെയും സാമ്പിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ സ്വീകരിക്കും. ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം നല്കാന് കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്.
ഡിഎൻഎ ഫലം അനുകൂലമായാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവർ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻറ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും.