വാറ്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും വമ്പൻ തോൽവി. വാറ്റ്ഫോർഡ് (Watford) ഒന്നിനെതിരെ നാല് ഗോളിന് യുണൈറ്റഡിനെ തോൽപിച്ചു. ജോഷ്വ കിംഗ്, ഇസ്മയില സാര്ര്, യോവോ പെഡ്രോ, ഇമ്മാനുവൽ ബോണവെൻച്വർ എന്നിവരാണ് വാറ്റ്ഫോർഡിന്റെ ഗോളുകൾ നേടിയത്. ഇഞ്ചുറിടൈമിലാണ് വാറ്റ്ഫോർഡ് അവസാന രണ്ട് ഗോൾ വലയിലെത്തിച്ചത്.
ഡോണി വാൻഡെ ബീക്ക് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഹാരി മഗ്വയർ ചുവപ്പ് കാർഡ് കണ്ടതും യുണൈറ്റഡിന് തിരിച്ചടിയായി. ലീഗിൽ അവസാന ഏഴ് കളിയിൽ യുണൈറ്റഡിന്റെ അഞ്ചാം തോൽവിയാണിത്.
പ്രീമിയർ ലീഗ് ഫുട്ബോളിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസിയുടെ ജൈത്രയാത്ര തുടരുന്നു. ചെൽസി എതിരില്ലാത്ത മൂന്ന് ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. ഇടവേളയിൽ ചെൽസി രണ്ട് ഗോളിന് മുന്നിലായിരുന്നു. പതിനാലാം മിനിറ്റിൽ അന്റോണിയോ റൂഡിഗറും ഇരുപത്തിയെട്ടാം മിനിറ്റിൽ എൻഗോളെ കാന്റെയും എഴുപത്തിയൊന്നാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചുമാണ് നീലപ്പടയുടെ ഗോളുകൾ നേടിയത്. 12 കളിയിൽ 29 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചെൽസി.
Yellow and black, Chelsea are back! 🟡⚫️#LeiChe pic.twitter.com/xbMXz8X0ZR
— Chelsea FC (@ChelseaFC) November 20, 2021