തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജൻസി സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെസെക്യൂരിറ്റി ജീവനക്കാരെ നൽകിയ ഏജൻസിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കിൽ ഈ ഏജൻസിയുമായുള്ള കരാർ റദ്ദാക്കാനും മന്ത്രി നിർദേശം നൽകി.
മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ഈ സെക്യൂരിറ്റി ജീവനക്കാർ പ്രവർത്തിച്ചിരുന്നത്. ഇനി മുതൽ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോർട്ടിംഗും ദൈനംദിന പ്രവർത്തനങ്ങളുമെല്ലാം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിൽ നടത്തണമെന്നും നിർദേശം നൽകി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം നൽകാനും മന്ത്രി നിർദേശിച്ചു.
കഴിഞ്ഞ ദിവസമാണ് ചിറയിൻകീഴ് സ്വദേശിയായ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചത്. ചിറയൻകീഴ് സ്വദേശി അരുൺദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചത് . സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരായ വിഷ്ണു, രതീഷ് ,നിതിൻ എന്നിവരാണ് മെഡിക്കൽ കോളേജ് പോലീസിൻറെ പിടിയിലായത് . സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിന്റെ വീഡിയോ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.