ദില്ലി: ആന്‍ഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1,100 ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച് സമിതിയുടെ കണ്ടെത്തല്‍.ലോണ്‍, ഇന്‍സ്റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ആപ്പുകളാണ് 80ലധികം ആപ് സ്റ്റോറുകളിലായി കണ്ടെത്തിയത്.
ഇവയ്ക്ക് ഓരോന്നിനും പിന്‍ബലം നല്കുന്ന ബാങ്കിങ്/എന്‍ബിഎഫ്സി സര്‍ട്ടിഫിക്കറ്റ് നല്കാന് ആര്‍ബിഐ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയാണ് പകുതിയിലേറെ ആപ്പുകളും അനധികൃതമാണെന്ന് കണ്ടെത്തിയത്.
ഡിജിറ്റല്‍ വായ്പ ഉപയോഗിച്ചു തുടങ്ങിയ ശേഷം മനസ്സുമാറുന്ന ഉപയോക്താവിന് അധിക ബാധ്യത വരാതെ പിന്മാറാന് 3 മുതല്‍ 14 ദിവസം വരെ ‘കൂളിങ് ഓഫ് സമയം’ നല്‍കണമെന്ന സുപ്രധാന ശുപാര്‍ശയും സമിതി മുന്നോട്ടുവച്ചു.കാര്യമായ ആലോചനയില്ലാതെ ധൃതിയില്‍ എടുക്കുന്ന വായ്പകള്‍ അബദ്ധമായെന്ന് തിരിച്ചറിഞ്ഞാല്‍ നിലവില്‍ പിന്മാറാന് അവസരമില്ല. പലരും ഇക്കാരണത്താല്‍ വലിയ കടക്കെണിയിലാകുന്നതും പതിവാണ്.
2017ല്‍ ഈ എന്‍ബിഎഫ്സികള്‍ ആകെ നല്കിയ വായ്പകളുടെ 0.68 ശതമാനമായിരുന്നു ഡിജിറ്റലെങ്കില്‍ 2020ല്‍ ഇത് 60.53 ശതമാനമായി. അതേ സമയം 2020ല്‍ ബാങ്കുകള്‍ നല്കിയ ഡിജിറ്റല്‍ വായ്പകള്‍ 5.56 ശതമാനം മാത്രമാണ്. അതേസമയം, സ്വകാര്യ ബാങ്കുകള്‍ ഓണ്‍ലൈന്‍ വായ്പകളില്‍ മുന്നിലാണ് 2020ല്‍ ആകെ നല്കിയ ഡിജിറ്റല്‍ വായ്പകളില്‍ 55 ശതമാനവും സ്വകാര്യ ബാങ്കുകളുടേതാണ്. 33 ശതമാനമാണ് എന്‍ബിഎഫ്സികളുടേത്.
കാലാവധി തികച്ച് വലിയ പലിശ നല്കി മാത്രമേ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളില്‍ ലോണ്‍ അവസാനിപ്പിക്കാന്‍ കഴിയൂ. ഇതിനു പകരം കൂളിങ് ഓഫ് ദിസങ്ങളിലെ പലിശ മാത്രം നല്കി പിന്മാറാന് അവസരം നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദേശം. ഷെഡ്യൂള്‍ഡ് ബാങ്കുകളെ അപേക്ഷിച്ച് ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) ഡിജിറ്റല്‍ വായ്പകളില്‍ വളരെ മുന്നിലാണെന്നും സമിതി വ്യക്തമാക്കുന്നു. 28 ഷെഡ്യൂള്‍ഡ് ബാങ്കുകളും 62 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് പഠനവിധേയമാക്കിയത്.
എന്‍ബിഎഫ്സികളില്‍ നിന്നു നല്കുന്ന 37.5 ശതമാനം വായ്പകളുടെയും കാലാവധി 30 ദിവസത്തില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബാങ്കുകള്‍ നല്കുന്ന 87 ശതമാനം ലോണുകളുടെയും കാലാവധി ഒരു വര്‍ഷത്തിനു മുകളിലാണ്. സാമ്ബത്തികമായി പൊളിഞ്ഞു പോയ എന്‍ബിഎഫ്സികളുടെ ലൈസന്‍സ് വാങ്ങി പല ഓണ്‍ലൈന്‍ വായ്പാ കമ്ബനികളും തട്ടിപ്പ് ആപ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.