ചെന്നൈ: മാര്‍ക്ക് വാഗ്ദാനം ചെയ്തു നഴ്സിങ് വിദ്യാര്‍ഥിനികളെ ബലാല്‍സംഗം ചെയ്ത കോളജ് ഉടമയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി തമിഴ്നാട് പൊലീസ്.ഉടമയ്ക്കു പെണ്‍കുട്ടികളെ എത്തിച്ചു നല്കിയ വനിതാ ഹോസ്റ്റല്‍ വാര്‍ഡനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും കോളജ് സീല്‍ ചെയ്യുകയും ചെയ്തു.
ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക്, വാഗ്ദാനം നല്കി വാര്ഡന് ഉടമയ്ക്കു മുന്നിലെത്തിക്കുകയും തുടര്‍ന്ന് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാത്രി കോളജിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന പതിനഞ്ചു പേരെ മറ്റൊരു കോളജിലേക്കു കൊണ്ടുപോയി.അവിടെ കാത്തിരുന്ന കോളജ് ഉടമ ജ്യോതിമുരുകന് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. പാട്ടിനനുസരിച്ച് നൃത്തം ചെയ്യിപ്പിച്ചതിനുശേഷമായിരുന്നു ഇത്. പോകാന്‍ വിസമ്മതിച്ചവരെ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കു നല്‍കാമെന്നു പറഞ്ഞു വാര്ഡന് നിര്‍ബന്ധിച്ചുവെന്നാണു പരാതി. പുലര്‍ച്ചെ മൂന്നുമണിയോടെ കോളജ് വാഹനത്തില്‍ തന്നെ കുട്ടികളെ തിരികെ ഹോസ്റ്റലില്‍ എത്തിച്ചു.
വിവരമറിഞ്ഞു കോളജിലെ 300 ല്‍ അധികം വരുന്ന വിദ്യാര്‍ഥികള്‍ ഡിണ്ടിഗല്‍-പഴനി റോഡ് ഉപരോധിച്ചു. പിന്തുണയുമായി വിദ്യാര്‍ഥി സംഘനടകളും നാട്ടുകാരുമെത്തിയതോടെ ഡിണ്ടിഗല്‍ ഗതാഗതം സ്തംഭിച്ചു. മേഖല ഡി.ഐ.ജി സ്ഥലത്ത് എത്തി പ്രതികളുടെ അറസ്റ്റ് ഉറപ്പുനല്‍കിയതിനുശേഷമാണു സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്ഡന് അര്‍ച്ചനയും, സഹായിയും പിടിയിലായി.അമ്മാ മക്കള്‍ മുന്നേറ്റ കഴകം നേതാവും ഡിണ്ടിഗലിലെ കോളജുകളുടെ ഉടമയുമായ പി.ജ്യോതിമുരുകനെ ഇപ്പോൾ പോലീസ് തിരയുകയാണ്.