തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ(adoption row) സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കി ക്രിമിനൽ കേസ് എടുക്കണമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ.അമ്മയായ തന്നെയും, കുഞ്ഞിനെ ദത്തെടുത്ത അന്ധ്രാപ്രദേശിലെ സാധാരണ കുടുംബത്തെയുമാണ് ഷിജുഖാൻ തന്റെ പദവി ദുരുപയോഗം ചെയ്ത് ധർമ്മ സങ്കടത്തിലാക്കിയത്. ആ ദമ്പതികളുടെ വിഷമത്തിൽ തനിക്ക് അതിയായ ദുഖമുണ്ടെന്നും അമ്മയായ തന്നെ പോലെ അവരേയും ശിശുക്ഷേമ സമിതി അധികൃതർ വഞ്ചിച്ചുവെന്നും അനുപമ പറഞ്ഞു.
അതേസമയം ഈ കേസിൽ ശിശുക്ഷേമ സമിതിയെ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി വിമര്‍ശിച്ചിരുന്നു. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാറ്റിയിരിക്കുകയാണ്.