ബെംഗളൂരു: ലഹരികടത്തിലെ കള്ളപ്പണ ഇടപാടിൽ ബിനീഷ് കോടിയേരിക്കെതിരായ (bineesh kodiyeri)തെളിവുകൾ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കർണാടക ഹൈക്കോടതി. സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാണെന്ന് പറയാന്‍ കഴിയില്ല. അനൂപും, ബിനീഷ് കോടിയേരിയും തമ്മിലെ പണം കൈമാറ്റം നിയമവിരുദ്ധമെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
അതേസമയം, ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.
ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാർക്കോട്ടിക് കണ്ണ്ട്രോൾ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികൾ. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമർപ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്. ബിനീഷിന്റെ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരില്‍ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകൾ ലഭിച്ചാല്‍ കേസില്‍ എന്‍സിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.