ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചനകള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി അടുത്തയാഴ്ച ഡല്‍ഹിയിലെത്തുമ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ( varun gandhi may join TMC )
എന്നാല്‍ വരുണ്‍ പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ഇരുപാര്‍ട്ടികളും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ മമത അടുത്തയാഴ്ച നടത്തുന്ന ഡല്‍ഹി സന്ദര്‍ശനം നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹിയില്‍ നിരവധി സുപ്രധാന പ്രഖാപനങ്ങള്‍ മമത നടത്തുമെന്ന് തൃണൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കുക, ഒപ്പം പാർട്ടി വളർത്തുക- ഈ രണ്ട് അജണ്ടകളിലാണ് മമത ബാനർജിയുടെ ഡൽഹി സന്ദർശനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി ദേശിയ നേതൃത്വത്തെ വിമര്‍ശിച്ചിരുന്ന വരുണ്‍ കര്‍ഷക നിയമം പിന്‍വലിക്കാനുളള തീരുമാനം വൈകിപ്പോയെന്നും കര്‍ഷകര്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇന്ന് അഭിപ്രായപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ ദേശീയ പ്രവര്‍ത്തക സമിതിയില്‍ നിന്നും തന്നെയും അമ്മ മനേകാ ഗാന്ധിയെയും ഒഴിവാക്കിയതില്‍ അതൃപ്തിയിലായിരുന്നു വരുണ്‍. കോണ്‍ഗ്രസിലെത്താന്‍ താല്പര്യമില്ലാത്തതിനാല് തൃണമൂലില്‍ ചേരാനാണ് വരുണിന്റെ തീരുമാനമെന്നാണ് സൂചന. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയിച്ചതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ മമത ശ്രമം തുടങ്ങിയിരുന്നു. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോയ പല നേതാക്കളും തിരികെ തൃണമൂലിലെത്തിയതും വിവിധ സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിമാരടക്കം നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നതും ബിജെപിയെ എതിര്‍ക്കാന്‍ തൃണമൂലിനാകും എന്ന ചിന്ത പല നേതാക്കള്‍ക്കും ഉളളത് കാരണമാണെന്നാണ് കരുതുന്നത്.