കുവൈത്ത് സിറ്റി: സെപ്റ്റംബർ 31ന് അവസാനിച്ച പാദത്തിൽ ജസീറ എയർവേസ് 11.8 ദശലക്ഷം ലാഭം നേടി. കോവിഡ്കാല നിയന്ത്രണങ്ങൾ നീക്കി സർവിസുകൾ പുനരാരംഭിച്ചതും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് ലാഭവർധനക്ക് വഴിയൊരുക്കിയത്. കഴിഞ്ഞവർഷം മൂന്നാംപാദവുമായി താരതമ്യം ചെയ്യുേമ്പാൾ മൂന്നിരട്ടി മെച്ചമുണ്ടായി. യാത്രക്കാരുടെ എണ്ണത്തിൽ 361 ശതമാനത്തിെൻറ വർധനയുണ്ടായി. 3,02,900 യാത്രക്കാർക്കാണ് മൂന്നുമാസത്തിനിടെ സേവനം നൽകിയത്.
അഞ്ചുമാസം വിമാന സർവിസുകൾ നിർത്തിവെക്കേണ്ടിവന്നിട്ടും ഇൗ വർഷം പത്തുമാസത്തെ കണക്കെടുത്തപ്പോൾ കമ്പനി ലാഭത്തിലാണ്. മുൻ മാസങ്ങളിലെ നഷ്ടം തട്ടിക്കിഴിച്ച് 70,600 ദീനാറിെൻറ ലാഭമാണ് രേഖപ്പെടുത്തിയത്. കോവിഡ് പിടിമുറുക്കിയ കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 100.5 ശതമാനത്തിെൻറ വർധനവാണുള്ളത്. ഇൗവർഷം പത്തുമാസത്തിലെ യാത്രക്കാരുടെ എണ്ണം 5,11,100 ആണ്. കോവിഡ് പ്രതിസന്ധിയെ അതിജയിക്കാൻ കഴിഞ്ഞതായും ഭാവിയിലേക്ക് ശുഭ പ്രതീക്ഷയാണുള്ളതെന്നും കമ്പനി ചെയർമാൻ മർവാൻ ബൂദായ് പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ലാഭത്തിലേക്ക് തിരിച്ചെത്തിയതായും കൂടുതൽ സർവിസുകൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണെന്നും സി.ഇ.ഒ രോഹിത് രാമചന്ദ്രൻ പ്രതികരിച്ചു.
28 പുതിയ വിമാനങ്ങൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ജസീറ എയർവേസ് കഴിഞ്ഞയാഴ്ച എയർ ബസ് കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടിരുന്നു. 2026ഒാടെയാണ് ഇടപാട് പൂർത്തിയാക്കുക. അതോടെ ജസീറ എയർവേസിെൻറ ശ്രേണിയിൽ 35 വിമാനങ്ങൾ ആകും.