ദോഹ: ഖത്തറിലേക്ക് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് വേണ്ട നിബന്ധനകൾ മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി ആവശ്യമായ രേഖകളുടെ പകർപ്പ് സഹിതമാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്. ഡിസംബർ ഒന്ന് മുതൽ ഇരുപത് വരെ ഇറക്കുമതി ലൈസൻസിനായി അപേക്ഷ നൽകാം. കമ്പനി രജിസ്ട്രേഷൻ ഖത്തർ ഐഡി, എസ്റ്റാബ്ലിഷ്മെൻറ് രജിസ്ട്രേഷൻ എന്നിവയുടെ പകർപ്പുകളും ഒപ്പിട്ട സാക്ഷ്യപത്രവുമാണ് അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത്. ഇതിനായുള്ള ആപ്ലിക്കേഷൻ ഫോറം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ ഫോറത്തിൽ ഇറക്കുമതി ചെയ്യാനുദ്ദേശിക്കുന്ന വസ്തുക്കളും, തൂക്കവും കൃത്യമായി കാണിക്കണം. importrequestsmme.gov.qa എന്ന മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. ഡിസംബർ 1 മുതൽ 20 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലയളവ്. അപേക്ഷ പരിശോധിച്ച് മന്ത്രാലയം ലൈസൻസ് അനുവദിക്കും. ഇ-മെയിൽ വഴിയായിരിക്കും അപേക്ഷകന് അനുമതി പത്രം ലഭിക്കുക. അപേക്ഷ നിരസിക്കുകയാണെങ്കിലും ഇ-മെയിൽ വഴി അറിയിക്കും. ഇറക്കുമതി ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും, പച്ചക്കറികളും പഴങ്ങളും ആവശ്യമായതിലും കൂടുതൽ ഇറക്കുമതി ചെയ്യുന്നതിലൂടെ പാഴാകുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.