കയ്പമംഗലം: മൊബൈല്‍ ഉപയോഗത്തില്‍നിന്ന് വീട്ടുകാര്‍ വിലക്കിയതോടെ സൈക്കിള്‍ റിപ്പയറിങ്ങില്‍ താരമായിരിക്കുകയാണ് 13കാരന്.ചളിങ്ങാട് അമ്പലനട സ്വദേശി ഇല്ലത്തുപറമ്പില്‍ ഇല്യാസ് – ജാസ്മിന് ദമ്ബതികളുടെ മകന് ഇസ്ഹാന് ഫാറൂഖാണ് വീട്ടില്‍ സ്വന്തമായി വര്ക്ക്ഷോപ്പുതന്നെ സജ്ജീകരിച്ച് ശ്രദ്ധേയനായിരിക്കുന്നത്.
കോവിഡ് കാലത്ത് മൊബൈല്‍ ഫോണ്‍ കിട്ടാതായതോടെ, തൊട്ടടുത്തുള്ള പിതൃസഹോദരൻറെ ടൂവീലര്‍ വര്‍ക്ക്ഷോപ്പായി ഇസ്ഹാൻറെ ആശ്രയം. പിന്നീട് കൂട്ടുകാരുടെ സൈക്കിള്‍ റിപ്പയര്‍ ചെയ്തു തുടങ്ങി. ഇത് വിജയിച്ചതോടെ, ആക്രിക്കടയില്‍ നിന്നും വീടുകളില്‍ നിന്നും പഴയ സൈക്കിളുകള്‍ സംഘടിപ്പിച്ച് റീസെറ്റ് ചെയ്തു.
പ്രവാസിയും മെക്കാനിക്കുമായ പിതാവാണ് ഫോണിലൂടെ സംശയങ്ങള്‍ തീര്‍ക്കുന്നത്. അഞ്ചോളം സൈക്കിളുകള്‍ ഇതിനകം വില്പന നടത്തിക്കഴിഞ്ഞു. സ്കൂളില്‍ നിര്‍ധനരായ കൂട്ടുകാര്‍ക്ക് സൈക്കിള്‍ സജ്ജീകരിച്ചുകൊടുത്തതോടെ സമൂഹ മാധ്യമങ്ങള്‍ വഴി ഇസ്ഹാെന്റ കഥ വൈറലായി. ഇതോടെ, ആര്.സി.യു.പി സ്കൂള്‍ അധികൃതരും പ്രത്യേകം അഭിനന്ദിച്ചു.ഇസ്ഹാൻ എല്ലാവർക്കും മാതൃകയാവുകയാണ്.
കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന നേരിട്ടെത്തി അനുമോദനം അര്‍പ്പിച്ചു. സൈക്കിള്‍ റിപ്പയറിങ്ങിന് പുറമെ കൃഷിയിലും തല്പരനാണ് ഈ മിടുക്കന്. പച്ചക്കറി കൃഷിക്ക് പുറമെ, പ്രാവ്, താറാവ്, കോഴി, മുയല്, ആട്, മീന്‍ എന്നിവയെയും വീട്ടില്‍ വളര്‍ത്തുന്നുണ്ട്. ഇക്കഴിഞ്ഞ കര്‍ഷക ദിനത്തില്‍, കയ്പമംഗലം പഞ്ചായത്തിലെ മികച്ച കുട്ടിക്കര്‍ഷകനായി തിരഞ്ഞെടുത്തത് ഈ ഏഴാം ക്ലാസുകാരനെയാണ്. വൈകുന്നേരമായാല്‍ പ്രദേശത്തെ കുട്ടികളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇസ്ഹാെന്റ വര്‍ക്ക്ഷോപ്. കളിക്കൂട്ടുകാര്‍ മാത്രമല്ല, മിക്കവരും ഹെല്പ്പര്മാര്കൂടിയാണ്.