‘ഒരു മെക്സിക്കൻ അപാരത’ എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ടോം ഇമ്മട്ടി (Tom Emmatty). ടൊവീനോയ്ക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രവുമായിരുന്നു ഇത്. ഗാംബ്ലർ ആയിരുന്നു അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രം. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്താനൊരുങ്ങുകയാണ് ടോം. ക്യാമ്പസ് പശ്ചാത്തലത്തിൽ, പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന് ‘ഒരു ബൊഹീമിയൻ ഗാനം’ (Oru Boheemian Ganam) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടൊവീനോ തോമസ്, ആസിഫ് അലി എന്നിവരാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്.
‘1975 ദേശീയ അടിയന്തിരാവസ്ഥ’ എന്നത് പോസ്റ്ററിൽ ടാഗ് ലൈൻ ആയി ചേർത്തിട്ടുണ്ട്. ഒരു ക്യാംപസും മൈക്കുമൊക്കെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ബാദുഷ സിനിമാസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുമായി ചേർന്ന് മാറ്റിനിയുടെ ബാനറിൽ ബാദുഷയും ഷിനോട് മാത്യുവുമാണ് നിർമ്മാണം. മാറ്റിനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രവുമാണ് ഇത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വാർത്താ പ്രചരണം പി ശിവപ്രസാദ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2F470297734462785&show_text=true&width=500