ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഫെയ്‌സ്‌ലിഫ്റ്റ് ഡിസംബര്‍ 7 ന് വിപണിയിൽ

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ 2021 ടിഗ്വാന്‍ പ്രീമിയം എസ്‍യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് 2021 ഡിസംബര്‍ 7 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.ഫോക്സ് വാഗണ്‍ ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനം വരുന്നത്. 

ഈ പദ്ധതിയുടെ ഭാഗമായി കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച നാല് എസ്‌യുവികളില്‍ ഒന്നാണ് ഈ ഫെയ്‌സ്‌ലിഫ്റ്റഡ് അഞ്ച് സീറ്റര്‍ എസ്‌യുവി. വാഹനം ഉടന്‍ ഇന്ത്യന്‍ ഷോറൂമുകളില്‍ എത്താന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ടിഗ്വാന്‍റെ ഡിസൈന്‍ മാറ്റങ്ങളെക്കുറിച്ച്‌ പറയുമ്പോൾ മറ്റ് സമകാലിക മോഡലുകള്‍ക്ക് അനുസൃതമായി പുതുക്കിയ സ്റ്റൈലിംഗുമായി വരുന്നു. മുന്‍ഗാമിയേക്കാള്‍ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ വരുത്തിയും ഫീച്ചറുകള്‍ പരിഷ്‌കരിച്ചും കൂടുതല്‍ നല്‍കിയുമാണ് പുതിയ ടിഗ്വാന്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോം അലങ്കാരങ്ങള്‍, എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയ്‌ക്കൊപ്പം പുതുക്കിയ ബമ്ബര്‍ ഹൗസിംഗ് ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്ബുകള്‍ക്കൊപ്പം അല്‍പ്പം പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ഇതിന് ലഭിക്കുന്നു. 

കാറിന്റെ മൊത്തത്തിലുള്ള ഫ്രണ്ട് ഫാസിയ കൂടുതല്‍ മൂര്‍ച്ചയുള്ളതും കൂടുതല്‍ സ്റ്റൈലിഷും ആയി കാണപ്പെടുന്നു. സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്ബോള്‍, ഇതിന് സ്പോര്‍ട്ടി, സ്റ്റൈലിഷ് അലോയ് വീലുകള്‍ ലഭിക്കുന്നു. കൂടാതെ, ഇത് മൂര്‍ച്ചയുള്ള പ്രതീക ലൈനുകളോടെയാണ് വരുന്നത്. കാറിന്റെ റിയര്‍ പ്രൊഫൈലില്‍ അതിന്റെ വിഷ്വല്‍ അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നതിന് മെലിഞ്ഞ എൽഇഡി ടെയില്‍‌ലാമ്പുകള്‍ വരുന്നു.

എംക്യൂബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, 2021 ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഫെയ്‌സ്‌ലിഫ്റ്റിന് 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ കരുത്ത് പകരും. നേരത്തെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും 2021 മോഡല്‍ വില്‍ക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍ സ്‌പേസ്, സ്‌കോഡ സൂപ്പര്‍ബ് എന്നീ മോഡലുകളില്‍ ഈ 1,984 സിസി, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍ 187 ബിഎച്ച്‌പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെയ്ക്കും. ഫോക്‌സ്‌വാഗണിന്റെ ‘4മോഷന്‍’ ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം നല്‍കും.

2017 ലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. എംക്യുബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു ടിഗ്വാന്‍. കഴിഞ്ഞ വര്‍ഷം ടിഗ്വാന്‍ ഓള്‍സ്‌പേസ് എന്ന 7 സീറ്റര്‍ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോഴാണ് ടിഗ്വാന്‍ 5 സീറ്റര്‍ നിര്‍ത്തിയത്. ഫേസ്‌ലിഫ്റ്റ് ചെയ്‍ത ടിഗ്വാന്‍ എസ്‌യുവിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2021 ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യും. 

വാഹനത്തിന്‍റെ വില മത്സരാധിഷ്‍ഠിതമായി നിലനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗാമായണ് ഇന്ത്യയില്‍ ഈ വാഹനത്തെ പ്രാദേശികമായി കൂട്ടിച്ചേര്‍ക്കാന്‍ കമ്ബനി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 26 ലക്ഷം മുതല്‍ 29 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ടൂസോണ്‍, ജീപ്പ് കോംപസ് മോഡലുകളുടെ പെട്രോള്‍ വേരിയന്റുകള്‍, സിട്രോണ്‍ സി 5 എയര്‍ക്രോസ് തുടങ്ങിയവരായിരിക്കും എതിരാളികള്‍.

ഈ വര്‍ഷം ടിഗ്വാനെക്കൂടാതെ ഇന്ത്യന്‍ വിപണിയില്‍ മറ്റ് മൂന്ന് മോഡലുകള്‍ കൂടി കൊണ്ടുവരുമെന്ന് കമ്ബനി മുമ്ബ് പ്രഖ്യാപിച്ചിരുന്നു. അതില്‍ പുതിയ ടൈഗണ്‍, ടി-റോക്ക്, ടിഗുവാന്‍ ഓള്‍സ്പേസ് 7-സീറ്റര്‍ എസ്‌യുവി എന്നിവയുടെ പുതുക്കിയ പതിപ്പുകള്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.