സുല്‍ത്താന്‍ ബത്തേരി: കുപ്പാടിയിലെ ഹെലിപ്പാഡ്, തലശ്ശേരി -മൈസൂരു റെയില്‍ ലൈനിനുള്ള ഹെലിബോണ്‍ സര്‍വേക്ക് വിട്ടുകൊടുത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധം.ഹെലിപ്പാഡിനോടനുബന്ധിച്ചുള്ള സ്വന്തം സ്ഥലത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിങ് ടെസ്റ്റ് മാറ്റിയതോടെയാണ് കളിസ്ഥലം ഇല്ലാതായെന്നാരോപിച്ച് കായിക സ്നേഹികള്‍ രംഗത്തെത്തിയത്.
രണ്ടുദിവസം മുമ്പ് ഹെലിബോണ്‍ സര്‍വേക്കുള്ള ഒരുക്കം തുടങ്ങിയതോടെ ഹെലിപ്പാഡ് വേലികെട്ടി അടച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്നുവര്‍ഷം മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസ് തുടങ്ങിയതു മുതല്‍ ഹെലിപ്പാഡിലായിരുന്നു ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്.
ഹെലിപ്പാഡിലേക്ക് പ്രവേശനം നിരോധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് ടെസ്റ്റുകള്‍ തൊട്ടടുത്തുള്ള സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ബന്ധിതമായി. വര്‍ഷങ്ങളായി ഫുട്ബാള്‍ പരിശീലനവും ടൂര്‍ണമെന്റുകളും നടക്കുന്ന സ്ഥലമാണ് റവന്യൂ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയത്. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പ് അവിടെ ടെസ്റ്റുകള്‍ നടത്താന്‍ മിനക്കെടാത്തത് നാട്ടുകാര്‍ക്ക് ആശ്വാസമായിരുന്നു. ഹെലിപ്പാഡില്‍ ടെസ്റ്റ് നടത്താന്‍പറ്റാത്ത അവസ്ഥയില്‍ ബുധനാഴ്ച മുതല്‍ കളിസ്ഥലത്തേക്ക് ഡ്രൈവിങ് ടെസ്റ്റ് മാറ്റിയതോടെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു.
നഗരസഭ അധികൃതരെത്തി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയതിനാല്‍ സംഘര്‍ഷമുണ്ടായില്ല. കുപ്പാടിയിലെ കായിക പ്രേമികള്‍ക്കായി പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് എല്ലാവരെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തുമെന്ന് ചെയര്മാന് ടി.കെ. രമേശ് പറഞ്ഞു. റവന്യൂ വകുപ്പ് മോട്ടോര്‍ വാഹന വകുപ്പിന് വിട്ടുകൊടുത്ത സ്ഥലം വകുപ്പുകള്‍ തമ്മിലുള്ള ഇടപാടുകളാണെന്നും അതില്‍ നഗരസഭക്ക് ഇടപെടാനാവില്ലെന്നും ചെയര്മാന് വ്യക്തമാക്കി.
കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ഉദ്യോഗസ്ഥരുടെ കീഴില്‍ ഹൈദരാബാദ് ആസ്ഥാനമായ നാഷനല്‍ ജ്യോഗ്രഫിക് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സര്‍വേ നടത്തുന്നത്. രണ്ട് ഹെലികോപ്റ്ററുകളും നിരവധി വാഹനങ്ങളും ഉപയോഗിച്ചാണ് ഭൂമിയുടെ കിടപ്പ് പഠിക്കുക. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആകാശവീക്ഷണം നടത്തുകയാണ് ആദ്യപടി. ഹെലികോപ്റ്ററുകളും മറ്റു വാഹനങ്ങളും ഹെലിപ്പാഡിലായിരിക്കും നിര്‍ത്തിയിടുക. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഹെലിപ്പാഡിന് കാവലാണ്.