ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 100 പേർ ഒലിച്ചു പോയി. ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുള്ള തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
നിരവധി പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വർണമുഖി നദി കരകവിഞ്ഞൊഴുകിയതോടെ മറ്റ് ജലാശയങ്ങളിൽ ശക്തമായ ഒഴുക്ക് തുടരുകയാണ്.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. വെള്ളപ്പൊക്കത്തിൽ പലയിടത്തും റോഡുകൾ തകരുകയും റെയിൽ, റോഡ്, വ്യോമ ഗതാഗതം തടസപ്പെടുകയും ചെയ്തു. രായലസീമ മേഖലയിലാണ് മഴ കൂടുതൽ ബാധിച്ചിരിക്കുന്നത്.