ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ 2022 വിന്റർ ഒളിമ്പിക്സ് വേദിയിലും കൂടുതൽ ചർച്ചയാക്കുകയാണ്. ബെയ്ജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും പിന്മാറ്റത്തെ കുറിച്ച് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കും. ചൈനയിൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇതോടെ കൂടുതൽ പ്രാധാന്യം ലഭിക്കും.
ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സിലേക്ക് ഒഫിഷ്യൽസിനെ അയക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള സാധ്യത യുകെ സർക്കാർ സജീവമായി ചർച്ച ചെയ്യുകയാണെന്ന് മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി സ്പുട്നിക് വ്യക്തമാക്കുന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഈ നടപടിയെ പിന്തുണക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
വിന്റർ ഒളിമ്പിക്സിനെ യുകെ അംബാസഡർ പ്രതിനിധീകരിക്കും, എന്നാൽ മറ്റേതെങ്കിലും ഒഫിഷ്യൽസ് പങ്കെടുക്കില്ല എന്ന വഴിയാണ് യുകെ സ്വീകരിക്കാൻ സാധ്യതയെന്ന് ടൈംസ് പത്രത്തെ ഉദ്ധരിച്ച്, സ്പുട്നിക് റിപ്പോർട്ട് ചെയ്തു. 2022 ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സിന്റെ നയതന്ത്ര ബഹിഷ്കരണം തന്റെ ഭരണകൂടം പരിഗണിക്കുന്നതായി വ്യാഴാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള ഓവൽ ഓഫീസ് മീറ്റിംഗിൽ ബഹിഷ്കരണത്തിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് “ഞങ്ങൾ പരിഗണിക്കുന്ന ഒരു കാര്യമാണ്” എന്ന് ബൈഡൻ പ്രതികരിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിനും സമാപന ചടങ്ങുകൾക്കും വൈറ്റ് ഹൗസ് സാധാരണയായി ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാറുണ്ട്, എന്നാൽ ഇത്തവണ നയതന്ത്ര ബഹിഷ്കരണത്താൽ അത് പ്രതിനിധി സംഘത്തെ അയയ്ക്കില്ല.
നയതന്ത്ര ബഹിഷ്കരണ ആഹ്വാനത്തെ യുഎസിലെ ഉന്നത നിയമനിർമ്മാതാക്കൾ ഉൾപ്പെടെ സ്വാഗതം ചെയ്തിട്ടുണ്ട്. ഹൗസ് സ്പീക്കർ നാൻസി പെലോസി ഇത്തരമൊരു ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇത് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിക്കാനുള്ള നീക്കമാണെന്ന് സിഎൻഎൻ പറഞ്ഞു. എന്നാൽ
എന്നാൽ, ഒളിമ്പിക്സിന്റെ രാഷ്ട്രീയവൽക്കരണം ലോകത്തെ ആഗോള കായിക പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൈന ഇതിനോട് പ്രതികരിച്ചു. 2022-ൽ ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് നയതന്ത്ര ബഹിഷ്കരണത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശത്തെ തുടർന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചതെന്ന് സ്പുട്നിക് റിപ്പോർട്ട് ചെയ്തു. 2022ലെ വിന്റർ ഒളിമ്പിക്സും ബെയ്ജിംഗിലെ പാരാലിമ്പിക്സും ലോകമെമ്പാടുമുള്ള കായികതാരങ്ങളുടെ വേദികളാണെന്നും വരാനിരിക്കുന്ന ഗെയിംസിന്റെ യഥാർത്ഥ നായകന്മാരാണ് അവരെന്നും ഷാവോ ലിജിയാൻ പറഞ്ഞു. കായികരംഗത്തെ ഏതൊരു രാഷ്ട്രീയവൽക്കരണവും ഒളിമ്പിക് സ്പിരിറ്റിനെ ലംഘിക്കുകയും എല്ലാ രാജ്യങ്ങളിലെയും കായികതാരങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.
സിൻജിയാങ് പ്രവിശ്യയിൽ ഉയ്ഗൂർ മുസ്ലീങ്ങൾക്ക് മേൽ ചൈന നടത്തുന്ന കിരാതമായ മനുഷ്യാവകാശ ലംഘനങ്ങൾ ഏറെയാണ്. ഉയ്ഗൂർ മുസ്ലീങ്ങളെ ചൈന തടഞ്ഞുവയ്ക്കുന്നതിനെതിരെയും ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും മനുഷ്യാവകാശ പ്രവർത്തകർ ശബ്ദം ഉയർത്താൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇത്രയധികം ശ്രദ്ധ കിട്ടുന്നത് ആദ്യമാണ്.