മ്യുക്കര്‍മൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെ കുറിച്ചുള്ള ബൃഹത്തായ ഒരു പഠനം എൽസെവിയർ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
ഭാരതത്തില്‍ നിന്നും 18 ആശുപത്രികള്‍ പങ്കെടുത്ത ഈ പഠനത്തില്‍ കേരളവുമുണ്ട്.കേരളത്തില്‍ നിന്നും ഡോ. ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണന് (ജ്യോതിദേവ്സ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍), ഡോ.ജോണ്‍ പണിക്കര്‍ (സ്വാന്ത്വന ഹോസ്പിറ്റല്‍), മുഹമ്മദ് റഷീദ് (കിംസ് ഹോസ്പിറ്റല്‍) എന്നീ ഡോക്ടര്‍മാരാണ് ബൃഹത്തായ ഈ പഠനത്തില്‍ പങ്കെടുത്തത്.
മ്യുക്കര്‍മൈക്കോസിസ് ബാധിച്ച കൊവിഡ് 19 രോഗികളില്‍ 71.3 ശതമാനം പേര്‍ക്ക് കൊവിഡ് വരുന്നതിനു മുന്‍പേ പ്രമേഹമുണ്ടായിരുന്നു. 13.9 ശതമാനം പേര്‍ക്ക് കൊവിഡ് വന്നതിനു ശേഷമാണ് രക്തത്തിലെ പഞ്ചസാര ഉയര്‍ന്നു തുടങ്ങിയത്. ഇതില്‍ 100 ശതമാനം പേരും കൊവിഡ് ചികിത്സക്കായി സ്റ്റിറോയ്ഡ് സ്വീകരിച്ചവരുമായിരുന്നു. സിടി സ്കാനില്‍ കൊവിഡ് ന്യുമോണിയയുടെതായുള്ള സൂചനകള്‍ ബഹുഭൂരിപക്ഷം രോഗികളിലും കണ്ടിരുന്നു.
മുന്‍പ് നടന്ന പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി 27.7 ശതമാനം ആയിരുന്നു ബ്ലാക്ക് ഫംഗസ് രോഗികളില്‍ മരണ നിരക്ക്.കൊവിഡ് ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കേരളത്തില്‍ മ്യുക്കര്‍മൈക്കോസിസ് ബാധിച്ച് ചികിത്സ സ്വീകരിക്കുന്ന രോഗികള്‍ ഇപ്പോഴുമുണ്ട്. അക്കാരണത്താല്‍ തന്നെ ഈ പഠനം സൂചിപ്പിക്കുന്ന അതി തീവ്രമായ രക്തത്തിലെ പഞ്ചസാരയുടെ ചികിത്സ തുടര്‍ന്നും സ്വീകരിക്കേണ്ടതാണ്.
കൊവിഡ് കാലത്ത് എല്ലാ പ്രമേഹ രോഗികളും പ്രമേഹ ചികിത്സയില്‍ സ്വയം പര്യാപ്തത എന്ന ഒരു ഘട്ടത്തിലേക്ക് എത്തേണ്ടതും ഡോക്ടറോടൊപ്പം, ചികിത്സയില്‍ പങ്കാളികളാകേണ്ടതും ചികിത്സ വിജയിക്കേണ്ടതിന് അത്യന്താപേക്ഷിതമായ ഒരു വസ്തുതയാണ്, എന്ന് പഠനം സൂചിപ്പിക്കുന്നു.